'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഏപ്രിൽ 26, 2012

മുജാഹിദുകളുടെ ജനാധിപത്യത്തോടുള്ള നിലപാട് ?

Mohd Yoosuf said..

‎ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.


1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?

----------------------------------------
ജമാഅത്ത് മുജാഹിദ് സംവാദത്തിനിടെ മുജാഹിദ് സുഹൃത്ത് മുഹമ്മദ് യൂസുഫ് എന്നോട്  ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ആരംഭിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച തെറ്റിദ്ധാരണകള്‍ ഇതുവഴി നീക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അതിന് സാധിക്കുന്ന വിധമാണ് മറുപടി പറയുന്നത്. ഈ ചോദ്യത്തിന് അക്കമിട്ട മറുപടി റഷീദ് തണ്ടശേരി എന്ന ജമാഅത്ത് സുഹൃത്ത് നല്‍കിയിരുന്നു. എന്നാല്‍ തെറ്റിദ്ധാരണ നീക്കല്‍ മാത്രമല്ല തെറ്റിദ്ധരിപ്പിക്കല്‍ കൂടി ഈ ചോദ്യത്തിന് ഉദ്ദേശ്യമുണ്ട് എന്ന് തോന്നിപ്പിക്കു വിധമാണ് ചോദ്യകര്‍ത്താക്കളും സമാന ചിന്താഗതിക്കാരും അതിനോട് പ്രതികരിച്ചത്.

റഷീദ് തണ്ടശേരിയുടെ മറുപടി ഇപ്രകാരമായിരുന്നു.

1 - ആധുനിക ജനാതിപത്യത്തേക്കാള്‍ ഏറ്റവും നല്ല വ്യവസ്ഥിതി ഇസ്ലാം തന്നെയാണ്... അത് ദൈവികം ആണ് .. മറ്റേത് മനുഷ്യ നിര്മിതവും ..

ലക്‌ഷ്യം ഇസ്ലാം മാത്രമാണ് , അത് നടപ്പില്‍ വരുവാനുള്ള പ്രവര്‍ത്തനങ്ങളാണ് , മുസ്ലിം എന്ന പേര് ഉച്ചരിക്കാന്‍ കഴിയാത്ത വ്യവസ്ഥയില്‍ പോലും ലക്ഷ്യത്തില്‍ മാറ്റമില്ല ...

അത് കൊണ്ട് തന്നെ ജനാത്യ പത്യത്തോട്‌ എന്തിന്‌ സഹകരിക്കുന്നു എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല .

ചുരുങ്ങിയ രൂപത്തില്‍ ഒരു മറുപടി നല്‍കുന്ന പക്ഷം ഇതില്‍നിന്ന് വ്യത്യസ്ഥമായ ഒരു മറുപടി എനിക്കും നല്‍കാനില്ല. എന്നാല്‍ അനുഭവിച്ചറിഞ്ഞ പോലെ കേവലം ഇത്തരം ഒരു മറുപടിയില്‍ ചോദ്യകര്‍ത്താക്കള്‍ സംതൃപ്തരല്ല. സംതൃപ്തരാകാതിരിക്കാനുള്ള കാരണം. ചോദിക്കുന്നത് മുസ്ലിംകളാണെങ്കിലും ഇസ്ലാമുമായി ഇവയ്കൊക്കെ എന്ത് ബന്ധം എന്ന് തിട്ടപ്പെടുത്താനുള്ള കഴിവില്ലായ്മയാണ്. വ്യക്തമാക്കാം.

ആധുനിക മതേതതരജനാധിപത്യ വ്യവസ്ഥ എന്നത് പാശ്ചാത്യരുടെ ചര്‍ച്ചിന്റെ മേധാവിത്വത്തിലധിഷ്ഠിതമായ ഥിയോക്രസിക്കെതിരെ ഭൂരിപക്ഷ ജനത്തിന്റെ വികാരത്തിന് മുന്‍തൂക്കം ലഭിച്ച മനുഷ്യനിര്‍മിതമായ ഒരു പുതിയ രാഷ്ട്രീയ സമ്പ്രദായമാണ്. അതിന് തന്നെ പല രൂപങ്ങളുണ്ട്. ജനാധിപത്യത്തിന് തന്നെ ലോകത്ത് പലരൂപങ്ങളുണ്ട്. ഇവ മൊത്തമായി മോശമാണന്നോ സമ്പൂര്‍ണമായി കുറ്റമറ്റതാണെന്നോ അതിന്റെ തനിവക്താക്കള്‍ക്ക് പോലും വാദമില്ല. ഈ വിഷയം പത്തിലേറെ പോസ്റ്റുകളില്‍ വിശദമായി ചര്‍ച ചെയ്തതിനാല്‍ ആവര്‍ത്തിക്കുന്നില്ല.

ജനാധിപത്യവ്യവസ്ഥക്കപ്പുറം അതിനേക്കാള്‍ നല്ല വ്യവസ്ഥ ലോകത്തിന്റെ ശ്രദ്ധയില്‍ അധികം വന്നിട്ടില്ലെങ്കിലും അങ്ങനെ ഒന്നിന്റെ വക്താക്കളാണ് തങ്ങളെന്ന ബോധം ജമാഅത്തെ ഇസ്ലാമിക്കുണ്ട്. പക്ഷെ അത് ബോധ്യപ്പെടുന്നത് വരെ അതാരെങ്കിലും പിന്തുടരണമെന്ന ശാഠ്യം ജമാഅത്തിനില്ല. ആരെയെങ്കിലും ഭയപ്പെട്ടോ അരെങ്കിലും തെറ്റിദ്ധരിക്കുമെന്ന് ശങ്കിച്ചോ ഉള്ള ഒന്നിനെ നിഷേധിക്കാനും ജമാഅത്തിന് സാധ്യമല്ല. ജനാധിപത്യത്തിന് മൂല്യം കൈവരുന്നത് തന്നെ ഇതര വിശ്വാസങ്ങളെയും ദര്‍ശനങ്ങളെയും പ്രബോധനം നടത്താനും പ്രചരിപ്പിക്കാനുമുള്ള സാധ്യത അത് അംഗീകരിക്കുമ്പോള്‍ മാത്രമാണ്. അഥവാ ജനാധിപത്യത്തിന്റെ പേരില്‍ അതിനേക്കാള്‍ നല്ല ഒരു വ്യവസ്ഥയെക്കുറിച്ച് മിണ്ടാന്‍ പോലും സാധ്യമല്ല എന്ന അവസ്ഥവരുന്ന പക്ഷം അതിന് ജനാധിപത്യം എന്ന് പോലും പറയാന്‍ കഴിയില്ല. കാരണം ജനാധിപത്യത്തിന്റെ നന്മകളില്‍ പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം.

ഒരു മുസ്ലിം പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. ആ നിലക്ക് രാഷ്ട്രീയം അവന്റെ മതദര്‍ശനത്തിന് പുറത്തല്ല. അവന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനെ പ്രകടിപ്പിക്കാന്‍ പാടില്ല എന്ന് പറയുന്നവര്‍ ജനാധിപത്യവിരുദ്ധരും മാനവികതയുടെ ശത്രുവുമാണ്. ഇവിടെ മുജാഹിദുകാരനോട് തിരിച്ചു ഒരു ചോദ്യമുണ്ട് അതിന് അവന്‍ മറുപടി പറഞ്ഞേ തീരൂ. ജനാധിപത്യവ്യവസ്ഥ കുറ്റമറ്റ ഒരു രാഷ്ട്രീയ സമ്പ്രദായമാണെന്ന് നിങ്ങള്‍ക്ക് അഭിപ്രായമുണ്ടോ. അതിന് പകരം നില്‍ക്കാവുന്ന ഒരു ഭരണ സംവിധാനം ഇസ്ലാമിനുണ്ട് എന്ന് നിങ്ങള്‍ അംഗീകരിക്കുന്നുണ്ടോ ? മുസ്ലിമായി നിന്നുകൊണ്ട് ഇതിന് രണ്ട് ഉത്തരം സാധ്യമല്ല. അഥാവ ഒന്നാമത്തെ ചോദ്യത്തിന് ഇല്ല എന്നും രണ്ടാമത്തേതിന് ഉണ്ട് എന്നും മാത്രമേ ഏത് മുജാഹിദ് കാരനും മറുപടി നല്‍കാനാവൂ.

ആധുനികമതേതരജനാധിപത്യത്തിന്  (ഇങ്ങനെ പറയുമ്പോഴേ അത് ഒരു വ്യവസ്ഥ എന്നനിലക്ക് അസ്ഥിത്വമുണ്ടാവുകയുള്ളൂ. വെറും ജനാധിപത്യം എന്നത് ഒരു രീതിശാസ്ത്രം മാത്രമേ ആകൂ. അതിന് അടിത്തറയാകുന്നത് മതമോ മതേതരത്വമോ എന്നതാണ് ഇസ്ലാമുമായുള്ള ചര്‍ചയില്‍ പ്രസക്തമാക്കുന്നത്) പല രൂപഭേദങ്ങളും ഉണ്ട്. ഒരു കാലത്ത് പല അറബി നാടുകളിലും ഇയ്യടുത്ത കാലം വരെ തുര്‍ക്കിയിലുണ്ടായിരുന്നതും മതേതരത്വജനാധിപത്യമായിരുന്നു. അഥവാ മതത്തിന് സ്വകാര്യജീവിതത്തില്‍ മാത്രം പരിമിത സ്വാതന്ത്ര്യം അനുഭവിക്കുന്ന വ്യവസ്ഥ. പുറത്ത് മതചിഹ്നം കാണപ്പെടുന്നത് പോലും തങ്ങളുടെ വ്യവസ്ഥക്ക് നിരക്കുന്നതല്ല എന്ന് വാദിക്കുന്നവരായിരുന്നു അവര്‍ . ഇന്നലത്തെ പത്രത്തില്‍ തുര്‍ക്കിയിലെ ഭരണാധികാരികളുടെ ഭാര്യമാര്‍ തലമറച്ച് പ്രത്യക്ഷപ്പെട്ട ഒരു അത്ഭുത വാര്‍ത്ത് പത്രത്തിലുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇത് നടപ്പാക്കിയത് ഈ തീവ്രസ്വഭാവത്തോടെയല്ല. കുറേകൂടി അയവുള്ള രൂപത്തിലാണ്. ഇവിടെ മതേതരജനാധിപത്യം മതവിരുദ്ധമല്ല മതനിരപേക്ഷമാണ്. അഥവാ ഒരു മതത്തിനും പ്രത്യേക പരിഗണനയില്ല എല്ലാ മതങ്ങളോടും ഒരേ അകലം.

ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്ന ഒരു വ്യവസ്ഥയാണിത്. ജമാഅത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക ഭരണമനുസരിച്ചും ഇങ്ങനെ തന്നെയാണ് ഉണ്ടാവുക. അല്ലാതെ ഇസ്ലാമിക ഭരണം എന്നാല്‍ മുസ്ലിംകള്‍ക്ക് മുസ്ലിംകളാന്‍ ഭരിക്കപ്പെടുന്ന മുസ്ലിംകളുടെ ഭരണമല്ല. അപ്രകാരം ഒരു കാഴ്ചപ്പാട് ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെച്ചതായി എനിക്ക് അറിയില്ല. മതേതതരജനാധിപത്യവ്യവസ്ഥയുമായി അതിനുള്ള വിയോജിപ്പ് കാര്യമായി നിയമനിര്‍മാണ മേഖലയിലായിരിക്കും. അഥവാ ജനാധിപത്യത്തിന്റെ ഒരു വലിയ ദോശം അത് നീക്കം ചെയ്യും. ജനപ്രതിനിധികളുടെ ഭൂരിപക്ഷം അടിസ്ഥാനപ്പെടുത്തി നിയമം നിര്‍മിക്കപ്പെടുന്നുവെന്നതാണ് ഇസ്ലാം അതിന് കാണുന്ന ഒരു ന്യൂനത. മറിച്ച് ഒരു ഇസ്ലാമിക ജനാധിപത്യവ്യവസ്ഥിതിയില്‍ നിയമനിര്‍മാണത്തിന് നിയതമായ ചില സദാചാരധാര്‍മിക മൂല്യങ്ങള്‍ പരിഗണിക്കപ്പെടും എന്നത് മാത്രമാണ് വ്യത്യാസം. അതിന് വ്യക്തമായി ദൈവദത്തമെന്ന് കരുതുന്ന വിശുദ്ധഗ്രന്ഥങ്ങളായ ഖുര്‍ആനും തിരുസുന്നത്തും അവലംബിക്കപ്പെടും. ജമാഅത്തെ ഇസ്ലാമി ഇന്ത്യയില്‍ ചെയ്തു വരുന്നത്. ഈ സമ്പൂര്‍ണമായ ഇസ്ലാമിലേക്ക് ദൈവത്തിന്റെ അടിയാറുകളെ പ്രബോധനം ചെയ്യുക എന്നതാണ്. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിന് മാത്രം ആരാധനകളനുഷ്ഠിച്ചുകൊണ്ട് അവന്‍ നല്‍കിയ സകലമാന വിധിവിലക്കുകളിലും അവനെ മാത്രം അനുസരിച്ച് ജീവിക്കുന്നതിലൂടെയാണ് ഒരാള്‍ പരലോകത്ത് ദൈവികമായ പ്രതിഫലത്തിനും പാപമോചനത്തിനും ഇടവരുന്നതെന്ന് ജമാഅത്തെ ഇസ്ലാമി ഈ നാട്ടിലെ ജനങ്ങളുടെ മുന്നില്‍ പ്രചരിപ്പിക്കുന്നു. ഇതുതന്നെയായിരുന്നു പ്രവാചകന്‍മാരും ചെയ്തിരുന്നത് എന്ന് അതിന്റെ പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നു.

പതിനായിരക്കണക്കിന് ജമാഅത്തുകാരും അല്ലാത്തവരും സന്ദര്‍ശിച്ച് പോയ ഈ ബ്ലോഗില്‍ ഉത്തരവാദിത്ത ബോധത്തോടെയാണ് ഒരു പ്രവര്‍ത്തകനെന്ന നിലക്ക് ഈ കാര്യം പറയുന്നത്. ഇതില്‍ മുസ്ലിം എന്നവകാശപ്പെടുന്ന ഒരു മുജാഹിദുകാരന് ഏത് കാര്യത്തിലാണ് വിയോജിപ്പ് എന്ന് ചോദിച്ചാല്‍ അവന്‍ മറുപടി നല്‍കും. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണം ലക്ഷ്യമാക്കുന്നു. എന്നാല്‍ ഞങ്ങളുടെ ലക്ഷ്യം പരലോകമാണ്. ഒരു മുജാഹിദുകാരന്റെ അഭിപ്രായം കാണുക. പത്തുമുജാഹിദുകാര്‍ക്ക് ആ അഭിപ്രായം ഇഷ്ടപ്പെട്ടിട്ടുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

@thandasseri rasheedkka,,,നമ്മുടെ ആത്യന്തികമായ ലക്‌ഷ്യം പരലോക വിജയമായിരിക്കണം,,,അതായതു സ്വര്‍ഗം നേടുക,നരകശിക്ഷയില്‍ നിന്നും രക്ഷപ്പെടുക,,,,

അല്ലാതെ ഭരണം നേടല്‍ അല്ല,,,ഇസ്ലാമിക ഭരണം ഉള്ള രാജ്യങ്ങളിലെ ജനങ്ങളൊക്കെ,സ്വര്‍ഗതിലായിരിക്കും എന്ന് താങ്കള്‍ക്ക് ഉറപ്പു തരാന്‍ കഴിയോ???...വമ്പന്‍ വന്കതരം അല്ലെ അങ്ങിനെ പറഞ്ഞാല്‍,,,,!!!!!!!
20 hours ago · · 10

ആരാണ് ഇവരോട് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക ഭരണമാണ് എന്ന് പറഞ്ഞത്. മറ്റാരുമല്ല അവര്‍ തന്നെ. അല്ലെങ്കില്‍ അവരുടെ നേതാക്കള്‍ അങ്ങനെ തെറ്റിദ്ധരിപ്പിച്ചു. ഇനി മറ്റൊരു അഭിപ്രായം കാണുക.

Tandasseri Rasheed ഇതുവരെ ഞാൻ എഴുതിയത് മുഴുവൻ താങ്കൾ വായിച്ചില്ലെന്ന് തോന്നുന്നു. ലത്തീഫ് മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് ചോദിച്ചപ്പോൾ അത് വളരെ വ്യക്തമാക്കി എഴുതി. ഇസ്ലാമിക രാഷ്ട്രം എന്നത് ദഅവത്തിന്റെ പരിണിത ഫലമാണ് അല്ലാതെ പ്രബോധന ലക്ഷ്യമല്ല എന്ന്. അതൊന്നും വായിക്കാൻ സമയം കണ്ടെത്താതെ ചോദ്യങ്ങളുമായി വരുന്നത് കൊണ്ടാണ് താങ്കൾക്ക് വീണ്ടും അതേ വിഷയത്തിൽ എഴുതേണ്ടി വരുന്നത്. ഇവിടെ ഞാൻ ചോദിച്ച പ്രസ്ക്തമായ വിഷയത്തിൽ എളുപ്പത്തിൽ പറയാവുന്നതായിട്ടും ഒന്നും പറഞ്ഞില്ല. വീണ്ടും ആ ചോദ്യം ആവർത്തിക്കുന്നു.

അപ്പോള്‍ ഇസ്ലാമിനെ പ്രബോധനം ചെയ്താല്‍ അതിന്റെ പരിണിതഫലമായി ഇസ്ലാമിക രാഷ്ട്രമുണ്ടാകും എന്ന് മുജാഹിദ് കാരനും വിശ്വസിക്കുന്നു. പക്ഷെ ആ കാര്യം പ്രബോധിതനോട് പറയാന്‍ പാടില്ല. എന്തുകൊണ്ടാണ് ഈ കപടനിലപാട് എന്ന് ചോദിച്ചാല്‍ എനിക്ക് അതിന് തോന്നുന്ന യുക്തിപരമായ ഒരു ഉത്തരമുണ്ട് ഇവരുടെ കാഴ്ചപ്പാടിലെ ഇസ്ലാമിക രാഷ്ട്രം മനുഷ്യന്‍ ഭയപ്പാടോടുകൂടി മാത്രം കാണാന്‍ കഴിയുന്ന ഒരു സൌദിമോഡല്‍ ഭരണമാണ്. അല്ലെങ്കില്‍ ഇന്ന് ഈജിപ്തില്‍ അന്നൂര്‍ പാര്‍ട്ടി വാദിച്ചുകൊണ്ടിരിക്കുന്ന ഇതര മതങ്ങളെ അംഗീകരിക്കാത്ത ഒരു തീവ്രഥിയോക്രാറ്റിക്ക് ഭരണം.

ഇനി അല്‍പം മാറിനിന്ന് മുജാഹിദ് വാദം ഒന്ന് വീക്ഷിച്ചു നോക്കൂ. വാക്കുകളില്‍ അവരും പിന്തുണക്കുകയും എന്നാല്‍ അത് മനസ്സില്‍ വെച്ചാല്‍ മാത്രം മതി എന്ന് പറയുകയും ചെയ്യുന്നത് കാണാം. അവര് തന്നെയല്ലേ കാര്യമായി ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണം കൊണ്ട് വരാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ ജനങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നതും.

ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക ഭരണത്തെക്കുറിച്ച് ഒന്നും പറയുന്നില്ലേ. ഉണ്ട് മനുഷ്യന് മറ്റേത് രംഗത്തെന്ന പോലെ പിന്തുടരാന്‍ ഏറ്റവും യോജിച്ച നിയമവ്യവസ്ഥയും രാഷ്ട്രീയ വ്യവസ്ഥയും ഇസ്ലാമിന്റേതാണ് എന്നത് അതിന്റെ പ്രബോധനത്തിന്റെ ഭാഗമാണ്. ഇഖാമത്തുദ്ദീന്‍ ലക്ഷ്യമാക്കുന്ന ജമാഅത്തെ ഇസ്ലാമി. സര്‍വലോക രക്ഷിതാവായ ഏകദൈവത്തിന്റെ അവസാന വെളിപാട് അനുസരിച്ച് നടപ്പാക്കുന്ന വ്യവസ്ഥയില്‍ മാത്രമാണ് മനുഷ്യന്റെ ഇഹപര മോക്ഷവും സമാധാനവും കുടികൊള്ളുന്നതെന്ന് വാദിക്കുന്നു. ഇത് ഇപ്പോള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണ് എന്നതാണ് സത്യം. ജമാഅത്ത് അതില്‍നിന്ന് പിന്‍മാറിയാല്‍ തല്‍സ്ഥാനത്ത് ഇതേ അദര്‍ശവും പ്രവര്‍ത്തനവുമുള്ള മറ്റൊരു പ്രസ്ഥാനം രംഗത്ത് വരും.

മുജാഹിദുകള്‍ ആദ്യമായി മനസ്സിലാക്കേണ്ട ഒരു പാഠവും ഇതാണ്. ഒരു മുസ്ലിം ജീവിതത്തിന്റെ ഒരു മേഖലയും മാറ്റിനിര്‍ത്താതെ സമ്പൂര്‍ണമായ ഇസ്ലാമിനെ പ്രബോധനം ചെയ്യാന്‍ കല്‍പിക്കപ്പെട്ടവരാണ്. ആ നിലക്ക് ആധുനിക ജനാധിപത്യത്തിന്റെ ദോശങ്ങള്‍ അത് എടുത്ത് പറയുകയും ഇസ്ലാമിന് അതേ വിഷത്തില്‍ നല്‍കാനുള്ള പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഒരു വ്യവസ്ഥയില്‍ അത് ജനാധിപത്യമാകട്ടേ, രാജാധിപത്യമാകട്ടേ അവിടെ സമാധാനപൂര്‍വം പ്രവര്‍ത്തിക്കാന്‍ ഒരു മുസ്ലിം കടപ്പെട്ടിരിക്കുന്നു. സാധ്യമാക്കുന്നത്ര ഇസ്ലാമിക വ്യവസ്ഥിതിക്ക് വേണ്ടി പണിയെടുക്കാനും. ഇനി യൂസുഫിന്റെ ചോദ്യത്തിലേക്ക് മടങ്ങുക, ഉത്തരം നിങ്ങള്‍ക്ക് ഇതിനകം ലഭിച്ചിരിക്കും.

പ്രിയ മുജാഹിദുകള്‍ ശാന്തപൂര്‍വം ഒന്ന് ആലോചിക്കുക. നിങ്ങളുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണ്. ഏത് കാര്യത്തിലാണ് നിങ്ങള്‍ ജമാഅത്തിനോട് വിയോജിച്ചുകൊണ്ടിരിക്കുന്നത്. (തുടരും)

ചൊവ്വാഴ്ച, ഏപ്രിൽ 24, 2012

ജമാഅത്ത് രാഷ്ട്രീയത്തെക്കുറിച്ച് 9 ചോദ്യങ്ങള്‍


ഇസ്ലാമിന് തനതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. തനതായ ഒരു ആരാധനാ സമ്പ്രദായം ഉള്ളത് പോലെ തന്നെ. അത് മാത്രമല്ല സ്വന്തമായ കുടുംബവിക്ഷണവും സംസ്കാരിക-സാമ്പത്തിക കാഴ്ചപ്പാടും ഉണ്ട് എന്ന കാര്യവും സര്‍വസമ്മതമാണ്. അതിനോട് എത്ര പേര്‍ക്ക് യോജിക്കാനാകുന്നു, എത്ര മുസ്ലികള്‍ അത് പിന്തുടരുന്നുവെന്നത് വേറെകാര്യം. അങ്ങനെ ഒന്നുണ്ട് എന്ന് പറയാന്‍ എത്രപേര്‍ അംഗീകരിക്കുന്നുവെന്നത് കാര്യമാക്കേണ്ടതില്ല. ഒരു മുസ്ലിമില്‍നിന്ന് സ്വാഭാവികമായി ഉണ്ടായിതീരേണ്ടത് ഇവയെ യഥാവിധി ഉള്‍കൊള്ളുകയും പിന്‍പറ്റുകയും ചെയ്യുക എന്നതാണ്. ജീവിതത്തിന്റെ ഏതെങ്കിലും ഒരു രംഗം ഇസ്ലാമിക ദര്‍ശനത്തിന് പുറത്താണ് എന്ന് ആര്‍ക്കും സ്ഥാപിക്കാന്‍ കഴിയില്ല. രാഷ്ട്രീയവും ഇസ്ലാമിന്റെ അഭിവാജ്യമായ ഒരു ഭാഗമാണ്.

മുസ്‌ലിം ലോകത്ത് യൂറോപ്യന്‍ സെക്യുലര്‍ ചിന്താഗതിയുടെ പ്രഭാവം ശക്തിപ്പെട്ടപ്പോഴാണ് മതത്തില്‍നിന്ന് രാഷ്ട്രീയത്തെ വേര്‍പ്പെടുത്തുന്ന പ്രവണതയ്ക്ക് തുടക്കം കുറിക്കുന്നത്. സിറിയന്‍ എഴുത്തുകാരനായ അബ്ദുല്‍ ഹമീദിസ്സഹ്‌റാവി(1895-1971)യുടെ എഴുത്തുകളില്‍ ഇതിന്റെ സൂചനകള്‍ ദൃശ്യമാണെങ്കിലും ഈജിപ്തിലെ ഏറ്റവും പുരാതനമായ മതസര്‍വകലാശാല-അല്‍അസ്ഹറില്‍നിന്ന് ബിരുദമെടുത്ത അലി അബ്ദുര്‍റസാഖ് (1888-1966) ആണ് ആധുനിക കാലത്ത് ആദ്യമായി ശക്തവും വ്യക്തവുമായ ശൈലിയില്‍ ഈ വാദം മുന്നോട്ടു വച്ചത്. 1925-ല്‍ ഈ വിഷയം പ്രതിപാദിച്ചുകൊണ്ട് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ അല്‍ ഇസ്‌ലാം വ ഉസ്വൂലുല്‍ ഹുക്മ് (ഇസ്‌ലാമും ഭരണ തത്ത്വങ്ങളും) എന്ന കൃതി അക്കാലത്ത് വമ്പിച്ച കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. റശീദ് രിദാ (1815-1935) യെപ്പോലുള്ള പണ്ഡിത പ്രഗല്ഭന്മാരുടെ കഠിന വിമര്‍ശനത്തിന് പാത്രമായ ശൈഖ് അലി അബ്ദുര്‍റാസിഖ് ഇതിന്റെ പേരില്‍ അല്‍അസ്ഹറിലെ പണ്ഡിത സഭയില്‍നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു.

എന്നാല്‍, ഇതേ കാലത്തുതന്നെ ജമാലുദ്ദീനില്‍ അഫ്ഗാനി(1839-1897)യുടെയും ശിഷ്യന്‍ മുഹമ്മദ് അബ്ദു(1849-1905) വിന്റെയും പാന്‍ ഇസ്‌ലാമിസവും അബ്ദുര്‍റഹ്മാനില്‍ കവാകിബി(1854-1902)യുടെ ഇസ്‌ലാമിക് ലീഗ് പ്രസ്ഥാനവും സയ്യിദ് റശീദ് രിദായുടെ ഖിലാഫത് പുനഃസ്ഥാപന പ്രസ്ഥാനവും രാഷ്ട്രീയ ഇസ്‌ലാമിന്റെ പ്രഭാവം വീണ്ടെടുക്കാനുള്ള സമാന്തര യത്‌നങ്ങളായി നിലനില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിന്നൊരു സംഘടിത ഭാവം കൈവരുന്നത് ഈജിപ്തില്‍ ഹസനുല്‍ ബന്ന (1906-1949) രൂപീകരിച്ച അല്‍ഇഖ് വാനുല്‍ മുസ്‌ലിമൂന്റെ (മുസ്‌ലിം ബ്രദര്‍ഹുഡ്) യും അവിഭക്ത ഇന്ത്യയില്‍ സയ്യിദ് അബുല്‍അഅ്ലാ മൗദൂദി (1903-1979) രൂപീകരിച്ച ജമാഅത്തെ ഇസ്‌ലാമിയുടെയും രംഗപ്രവേശത്തോടെയാണ്. ഇസ്‌ലാമിക രാഷ്ട്രമീമാംസയെ ആധുനിക സാഹചര്യങ്ങള്‍ക്കനുസൃതമായി വികസിപ്പിക്കുകയും നൂതന സാങ്കേതിക പദാവലികളുടെ പശ്ചാത്തലത്തില്‍പുനര്‍വ്യാഖ്യാനിക്കുകയും ചെയ്യുന്നതില്‍ മൗദൂദിയുടെ സംഭാവനകള്‍ സ്മരണീയമത്രെ.

ഇസ്ലാമിലെ രാഷ്ട്രീയത്തിന്റെ നിഷേധം ഒരു പുതിയവാദമാണെന്നും ഇസ്ലാമിക പണ്ഡിതലോകം അംഗീകരിക്കാത്തതാണെന്നും മുകളിലെ ഉദ്ധരണിയില്‍നിന്ന് വ്യക്തമാണ്. കേരളത്തിലുള്ള മുസ്ലിം സംഘടനകള്‍ അത് സമസ്തവിഭാഗങ്ങളാകട്ടേ മുജാഹിദ് വിഭാഗമാകട്ടേ നേര്‍ക്ക് നേരെ ഇസ്ലാമില്‍ രാഷ്ട്രീയമില്ല എന്ന് വാദിക്കുന്നവരല്ല. അവര്‍ പിന്തുടരുന്ന രാഷ്ട്രീയ കാഴ്ചപ്പാടിനെ ഇസ്ലാമിലെ രാഷ്ട്രീയമെന്ന് വിവക്ഷിക്കുയാണ് ചെയ്ത് വരുന്നത്. പ്രത്യേകിച്ച് മുജാഹിദ് വിഭാഗങ്ങള്‍ . ചിലപ്പോള്‍ പറയുക രാഷ്ട്രീയം മനുഷ്യര്‍ക്ക് ഇഛാനുസാരം സ്വീകരിക്കാവുന്ന ഭൌതിക കാര്യമാണ് എന്നാണ്. മതപരമായ കാര്യം വേറെയുണ്ട്. അതില്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതോ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതോ ഒന്നും പെടില്ല. കൃഷിയെ പോലെയും കച്ചവടത്തെ പോലെയും ഒരാള്‍ ജീവിതായോധനത്തിന് തെരഞ്ഞെടുക്കുന്നത് പോലെ ഭരിക്കാന്‍ ഒരാള്‍ക്ക് കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ഥിയെയോ തെരഞ്ഞെടുക്കാവുന്നതാണ്. ഈ ചിന്താഗതി മുജാഹിദ് നേതൃത്വം വ്യഗ്യമായി പ്രചരിപ്പിക്കുന്നതിനാല്‍ ഒരേ പ്രദേശത്തെ മുജാഹിദു സുഹൃത്തുക്കള്‍ തികച്ചും ഭിന്നമായ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ച് വരുന്നത് കാണാം.

ഇത്തരമൊരു സാഹചര്യത്തിലാണ് ഫെയ്സ് ബുക്ക് ചര്‍ചയില്‍ മുജാഹിദ് പക്ഷത്ത് നിന്ന് സംവദിച്ച സുഹൃത്തിനോട് ഇങ്ങനെ ചോദിക്കേണ്ടി വന്നത്.

CK Latheef  ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതൊക്കെ തെറ്റും കാലഘട്ടത്തെ സംബന്ധിച്ചിടത്തോളം അപ്രസക്തവും ഇസ്ലാമികമായി ന്യായീകരണമില്ലാത്തതാണ് എന്നും വെക്കുക.

ആദ്യമായി മുജാഹിദുകള്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഇസ്ലാമിക ന്യായം ഒന്ന് പറഞ്ഞു തരട്ടേ.. അതിന് ശേഷം നമുക്ക് ചര്‍ച തുടരാം.

കാരണം ഇപ്പോള്‍ ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട ഇസ്ലാമിക കാഴ്ചപ്പാട് വിട്ട് ഞങ്ങള്‍ക്ക് വന്ന് ചേരാനുള്ള കാഴ്പാട് വ്യക്തമായി അവതരിപ്പിച്ച് തരേണ്ട ബാധ്യത മുജാഹിദ് പ്രസ്ഥാനത്തിലും ജമാഅത്ത് വിമര്‍ശകരിലും മാത്രം നിക്ഷിപ്തമാണ്. അത് ചെയ്യാതെ യുക്തിവാദികളെ പോലെ 'താന്തോന്നിത്തര'ത്തിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലല്ലോ.. ?

ഇതിന് എനിക്ക് ലഭിച്ച മറുപടി ഇപ്രകാരമാണ്.

Mohd Yoosuf മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! മുജാഹിദുകളുടെ ന്യയമറിഞ്ഞാണോ ജമാ അത്തിന്റെ നിലപാട് പറയുക? എന്താ ലത്തീഫ് സാഹിബ്... ഇതാണോ ഉത്തരം?

മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് എനിക്കറിയാം എന്നാല്‍ അത് ശരിയാണോ എന്ന് ഉറപ്പ് വരുത്താനാണ് ‍ഞാന്‍ വീണ്ടും ചോദിച്ചത്. എന്നാല്‍ മറ്റൊരു സുഹൃത്ത് ഇങ്ങനെ ആവശ്യപ്പെട്ടിട്ടും ചോദിച്ചതിന് മറുപടിയുണ്ടായില്ല.
Tandasseri Rasheed മുജാഹിദുകളുടെ രാഷ്ട്രീയ നിലപാട് താങ്കൾക്ക് ശരിക്കുമറിയാം.. എന്നീട്ടും!! >>>> ഇല്ല സത്യമായിട്ടും അറിയില്ല ....അതൊന്ന്‌ ചുരുക്കി പറഞ്ഞാല്‍ കൊള്ളാമായിരുന്നു ..Mohd Yoosuf

പകരം ജമാഅത്തെ ഇസ്ലാമിയെ പഠിക്കാന്‍ വേണ്ടി ഏതാനും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ഈ വിഷയത്തില്‍ കാര്യമായി ചെയ്തത്. പ്രസ്തുത കമന്റ് ഇങ്ങനെ. 

Mohd Yoosuf said..
CK Latheef ചുവടെ കൊടുത്ത ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകണമെന്ന് വിനീതമായി ആവശ്യപെടുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നിക്കാനാണ്.


1) ആധുനിക ജനാധിപത്യ സംവിദാനം മോശമാണെങ്കിൽ എന്തിന് അതിന്റെ ഭാഗഭാക്കാവുന്നു?


2) ജമാഅത്തെ ഇസ്ലാമിക്ക് നിഷിദ്ധമായ ജനാധിപത്യ വ്യവസ്ഥിതിയിൽ എന്ത് കാരണം കൊണ്ടാണ് ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?

3) ഒരു പാർട്ടി രൂപീകൃതമായത് കൊണ്ട് ദൈവിക ഭരണം ഇന്ത്യയിൽ സ്ഥാപിതമാകുമോ?

4) ദൈവിക ഭരണം സ്ഥാപിതമാക്കാനുള്ള ഉപകരണമായി ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടി രൂപീകരിച്ചത് എന്ന് ജമാഅത്ത് സുഹൃത്തുക്കൾ ഇവിടെ പറയുകയുണ്ടായി. ആ ഉപകരണം ഓപറേറ്റ് ചെയ്യാൻ അതിന്റെ നിയന്ത്രണം മറ്റു ഇതര സമൂഹത്തിന്റെ കൈകളിലാണ് കൊടുത്തിട്ടുള്ളത്. ഏതെങ്കുലും വിധത്തിൽ വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിക്കുകയാണെങ്കിൽ ഭരണ സംവിധാനത്തിൽ നിന്നും അമുസ്ലിംങ്ങളെ ഒഴിവാക്കി മുസ്ലിംങ്ങൾക്ക് അധികാരം കൊടുക്കുമോ?

5) ദൈവ നിഷേധികൾക്ക് ഇസ്ലാമിക ഭരണ സംവിധാനത്തിന്റെ കടിഞ്ഞാണ് നല്‍കാമോ?

6) വെൽഫെയർ പാർട്ടിക്ക് അധികാരം ലഭിച്ചാൽ ഉപാദ്യക്ഷന്മാരായ ഫാദർ ജോസഫിനും സെക്രട്ടറിമാരായ രമ സൂര്യ റാവൂ, സുബ്രമണ്യ തുടങ്ങിയവരെ ഇസ്ലാമിഅ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്തുമോ? അമുസ്ലിംങ്ങളെ ഭരണ സംവിധാനത്തിൽ ഉപയോഗപെടുത്താൻ മതപരമായ തെളിവുകൾ എന്തൊക്കെ?

7) ദൈവിക ഭരണം സ്ഥാപിതമാകാൻ ദൈവ നിഷേധികളെ ഉപയോഗപെടുത്തുന്നതിൽ ഇസ്ലാമിക മാനങ്ങൾ എന്തൊക്കെ?

8) വെൽഫെയർ പാർട്ടിയിലെ അമുസ്ലിംങ്ങളായ നേതാക്കന്മാരോടും അണികളോടും ഇസ്ലാം മതത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഇസ്ലാം മതം സ്വീകരിക്കണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?

9) അവരോട് ഏക ദൈവത്തെ കുറിച്ചു പറഞ്ഞു മുസ്ലിമാകണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ?

21 hours ago · · 6

മുജാഹിദുകാരനായ സഹോദരന്‍ യൂസുഫിന്റെ ചോദ്യങ്ങള്‍ ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ച കാഴ്ചപ്പാടില്ലായ്മയില്‍നിന്ന് ഉണ്ടായതാണ്. എന്താണ് ഇസ്ലാമിക രാഷ്ട്രീയം എന്ന് മനസ്സിലാക്കിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ ചോദിക്കുമായിരുന്നില്ല. ജമാഅത്തെ ഇസ്ലാമി മുന്‍കൈ എടുത്ത് വെല്‍ഫയര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ ജമാഅത്തുകാരെ അലട്ടാതിരിക്കാനുള്ള കാരണം ഇസ്ലാമിന്റെ ഈ വശത്തെക്കുറിച്ച അറിവാണ്. ഇസ്ലാമിന്റെ രാഷ്ട്രീയ കാഴ്ചപാട് ഉള്‍കൊണ്ടവരെ സംബന്ധിച്ച് ഈ ചോദ്യങ്ങളില്‍ പലതും അസംബന്ധമാണ്. ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ മനസ്സിലാകും ഇതില്‍ ജമാഅത്തെ ഇസ്ലാമി മറുപടി പറയേണ്ട വിഷയത്തെക്കാള്‍ ഒരു മുസ്ലിം പണ്ഡിതന്‍ മറുപടി നല്‍കേണ്ട വിഷയങ്ങളാണ് പലതും എന്ന്.

അനുബന്ധമായി മനസ്സിലാക്കേണ്ട ഒരു കാര്യം ജമാഅത്തിനോട് മുജാഹിദുകളുടെ കാര്യമായ എതിര്‍പ്പ് മതപരമെന്നതിനെക്കാള്‍ രാഷ്ട്രീയ പ്രേരിതമാണ്. ഇവിടെ വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം തങ്ങള്‍ പിന്തുണക്കുന്ന സാമുദായിക പാര്‍ട്ടിയുടെ താല്‍പര്യങ്ങളെ ബാധിക്കുമോ എന്ന ഭയം ഈ ചോദ്യങ്ങളിലുണ്ട്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ രൂപീകരണം മുന്നില്‍ വെച്ചാണ് ഈ ചോദ്യങ്ങള്‍ . ചോദ്യങ്ങള്‍ രാഷ്ട്രീയ പ്രേരിതമായത് കൊണ്ട് തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ അതല്ലാത്ത ഒന്നാക്കി ചിത്രീകരിക്കേണ്ടത് ആവശ്യമായി വരുന്നു. വെല്‍ഫയര്‍ പാര്‍ട്ടി ഒരു ഇസ്ലാമിക ഭരണം ലക്ഷ്യം വെക്കുന്ന ഒരു പാര്‍ട്ടിയായി അത് സ്വയം അവകാശപ്പെട്ടിട്ടില്ല. ധാര്‍മിക മൂല്യങ്ങളില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്ന, ഇന്ത്യയിലെ മറ്റേത് രാഷ്ട്രീയ പാര്‍ട്ടിയെയും പോലെ ഒരു പാര്‍ട്ടി എന്നതാണ് അതിന്റെ സ്ഥാനം. അതിനപ്പുറം ജമാഅത്തെ ഇസ്ലാമിയെ പോലെ തന്നെ വെല്‍ഫയര്‍ പാര്‍ട്ടിയെ  മറ്റേത് മുജാഹിദുകാരനെയും പോലെ ചോദ്യകര്‍ത്താവും ബോധപൂര്‍വമോ അറിവില്ലായ്മ കൊണ്ടോ കണ്ടുപോകുന്നതാണ് ചോദ്യത്തിന് പ്രേരകം.

ഇനി ചോദ്യത്തിലേക്ക് പ്രവേശിക്കാം... (അടുത്ത പോസ്റ്റില്‍ )

 
Design by CKLatheef | Bloggerized by CKLatheef | CK