'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

മുജാഹിദുകള്‍ പിളരുന്നതും ജമാഅത്ത് പിളരാതിരിക്കുന്നതും ..

മുജാഹിദുകള്‍ പിളര്‍ന്നുകൊണ്ടേയിരിക്കുന്നതിനും ജമാഅത്തെ ഇസ്ലാമി പിളരാതിരിക്കുന്നതിനും എന്താണ് കാരണം. നിങ്ങളുടെ ഉത്തരം എന്ത് തന്നെയായാലും ഒരു മുജാഹിദു സുഹൃത്തിന്റെ ഉത്തരം ഇയ്യിടെ എനിക്ക് കിട്ടി. അത് ഇങ്ങനെ വായിക്കാം.
[[[ Jamal Cheembayil ഇവിടെ അബൂബക്കര്‍ കാരക്കുന്നിന്റെ പരിഹാസത്തിന്റെ രൂക്ഷത മനസ്സിലാകുന്നുണ്ട്. ഇതോടു കൂടി മുജാഹിദ് പ്രസ്ഥാനം തകര്‍ന്നടിഞ്ഞു എന്ന ആത്മവിശ്വാസത്തിലാണ് ജമാഅതുകാര്‍. ഇനി അവര്‍ തല പൊന്തിക്കാതിരിക്കാന്‍ തങ്ങളാലാകുന്ന സംഭാവന അതിലേക്ക് അവര്‍ നല്‍കാന്‍ വളരെ ശുഷ്കാന്തി കാണിക്കുന്നുമുണ്ട്. ഇരിക്കട്ടെ. മാത്സര്യം നിറഞ്ഞ ഈ ലോകത്ത് അതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ലല്ലോ?. സത്യത്തില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ പറഞ്ഞു തീരാവുന്ന ഒരു പ്രശ്നമേ ഇന്ന് നിലവിലുള്ളൂ. ശിര്‍ക്ക് ചെയ്യാനുള്ള വെമ്പല്‍ അല്ല ഇരു കൂട്ടര്‍ക്കുമുള്ളത്. ദീനിന്റെ കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മത കാണിക്കുന്നു എന്നതിലൂടെ ഉണ്ടായ ആശയക്കുഴപ്പമാണ് തര്‍ക്കത്തിന്റെ മുഖ്യ ഹേതു. ജമാ അത് കാര്‍ക്കിടയില്‍ ഇത്തരമൊരു ചര്‍ച്ച ഒരിക്കലും ഉണ്ടാകില്ല. കാരണം അവര്‍ക്ക് ഈയൊരു വിഷയത്തില്‍ അത്ര താത്പര്യമൊന്നുമില്ല എന്നത് തന്നെ. നേതൃത്വം എന്ത് പറഞ്ഞോ - മറുവാക്കില്ലാതെ അനുസരിച്ചാല്‍ മതി അവര്‍ക്ക് .മുജാഹിദുകള്‍ അത്തരം വായ്‌ മൂടിക്കെട്ടിയ അറവു മൂരികള്‍ അല്ല. അത് കൊണ്ടുതന്നെ ദീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ ബദ്ധ ശ്രദ്ധര്‍ ആണ്.ആ ഒരു ചര്‍ച്ചയുമായി ബന്ധപ്പെട്ടു പലരും അച്ചടക്കം പാലിക്കുന്നില്ല എന്നത് സത്യമാണെങ്കിലും അവരുടെ ലക്‌ഷ്യം സത്യത്തിലേക്ക് അടുക്കുക എന്നത് തന്നെ ആണ്. ഈ ആരോപണ പ്രത്യാരോപണ പ്രക്രിയകള്‍ക്കിടയില്‍ ഒരു യോജിപ്പിനുള്ള അവസ്ഥ അല്ലാഹു ഉണ്ടാക്കാതിരിക്കില്ല എന്ന ശുഭാപ്തിവിശ്വാസം ഞങ്ങള്‍ പ്രവര്‍ത്തകര്‍ ഇപ്പോഴും വെച്ചു പുലര്‍ത്തുന്നു. ഇല്ല.,,ഇനി വീണ്ടും പിളര്‍ന്നു എന്ന് തന്നെ വെച്ചാലും ജമാഅതുകാരോട് ഉള്ള സമീപനം മറ്റൊന്നാകില്ല. ആദര്‍ശ പരമായി ജമാ അതിന്റെ കാപട്യം നിറഞ്ഞ സമീപനം മാറുവോളം വിമര്‍ശനം തുടരുക തന്നെ ചെയ്യും. ഈയൊരു പ്രളയത്തില്‍ ഇത് മുങ്ങിപ്പോകണം എന്ന് ജമാ അതുകാര്‍ ആഗ്രഹിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല .]]]

ഇതില്‍ മുജാഹിദുകള്‍ എന്തുകൊണ്ട് പിളരുന്നുവെന്നതിന്റെ അദ്ദേഹത്തിന്റേതായ ഉത്തരം എനിക്ക് മനസ്സിലായത്.

1. ദീനിന്റെ കാര്യത്തില്‍ മുജാഹിദുകള്‍ ജമാഅത്തെ ഇസ്ലാമിക്കില്ലാത്ത കൂടുതല്‍ സൂക്ഷമത കാണിക്കുന്നു.

2. നേതാക്കള്‍ പറയുന്നത് അപ്പടി വിഴുങ്ങുന്ന സ്വഭാവം ജമാഅത്ത് പ്രവര്‍ത്തകരെ പോലെ മുജാഹിദു പ്രവര്‍ത്തകര്‍ക്ക് ഇല്ല.

3. ദീനിന്റെ കാര്യത്തില്‍ ബദ്ധശ്രദ്ധര്‍ ആണ് മുജാഹിദുകാര്‍ , ജിന്നിനോടുള്ള പ്രാര്‍ഥനയുമായി ബന്ധപ്പെട്ട ചര്‍ചയില്‍ അച്ചടക്കം പാലിക്കുന്നില്ല എന്നത് ശരിയാണെങ്കിലും ലക്ഷ്യം സത്യത്തിലേക്ക് മടങ്ങലാണ് എന്നതിനാല്‍ ന്യായീകരിക്കാം.

ജമാഅത്ത് പിളരാതിരിക്കാനുള്ള കാരണം ജമാലിന്റെ വാക്കുകളില്‍

1. ജമാഅത്തുകാര്‍ക്കിടയില്‍ ഇത്തരമൊരു (ഇപ്പോള്‍ മുജാഹിദുകളുടെ പിളര്‍പ്പിലേക്ക് നയിച്ച് ജിന്നുകളുമായി ബന്ധപ്പെ) ചര്‍ച ഒരിക്കലും ഉണ്ടാവില്ല. കാരണം അവര്‍ക്ക് ഈയൊരു വിഷയത്തില്‍ അത്ര താത്പര്യമൊന്നുമില്ല.


2. നേതൃത്വം എന്ത് പറഞ്ഞോ - മറുവാക്കില്ലാതെ അനുസരിച്ചാല്‍ മതി ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക്.

3. ജമാഅത്തു പ്രവര്‍ത്തകര്‍ ദീനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബദ്ധശ്രദ്ധരോ താല്‍പര്യമുള്ളവരോ അല്ല.

ഇപ്പോള്‍ മനസ്സിലായില്ലേ ജമാഅത്ത് പിളരാതിരിക്കുന്നതിന്റെയും മുജാഹിദ് പിളരുന്നതിന്റെയും കാരണങ്ങള്‍ ... അത്യാവശ്യം മുജാഹിദ് പക്ഷത്തെ പ്രതിനിധീകരിച്ച് സംസാരിക്കാന്‍ കഴിയുന്ന ജമാലിന്റെ ചിന്തകളാണിത്. മുജാഹിദ് പിളരുന്നതിന്റെയും ജമാഅത്ത് പിളരാതിരിക്കുന്നതിന്റെയും ഇവിടെ കണ്ടെത്തിയ കാരണങ്ങള്‍ തികച്ചും വസ്തുതതയോട് നിരക്കാത്തതാണ് എന്നാണ് എന്റെ അഭിപ്രായം. എന്റെ അഭിപ്രായത്തില്‍ മുജാഹിദുകള്‍ ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ മൌലാനാ മൌദൂദി ചൂണ്ടിക്കാണിച്ച മതതീവ്രവാദമാണ് മുജാഹിദു സംഘടനയുടെ അന്തകനായി മാറിയിട്ടുള്ളത്. ഈ വിഷയത്തില്‍ ഞാന്‍ പോസ്റ്റ് ചെയ്ത ഈ ലേഖനം വായിക്കുക.

ജമാല്‍ പറഞ്ഞത് പോലുള്ള വാക്കുകള്‍ സ്വയം സമാധാനിക്കാന്‍ ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ മുജാഹിദുകള്‍ ഇതിലൂടെ അവരകപ്പെട്ട അബദ്ധത്തിലൂടെ കൂടുതല്‍ ശക്തമായി മുന്നോട്ട് പോകാനല്ലാതെ തിരിച്ചുനടത്തം അസാധ്യമാണ്. അതിന്റെ ദുരന്തം മുജാഹിദ് സംഘടന മാത്രമല്ല മുസ്ലിം സമൂഹം മൊത്തത്തില്‍ അനുഭവിക്കുന്നു. മുജാഹിദുകള്‍ പിളരുന്നതോ കൂടുതല്‍ കഷ്ണമായി അന്തരീക്ഷം മലീമസമാക്കുന്നതോ ഒരു മനുഷ്യസ്നേഹിയും ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ ചീത്ത പ്രവര്‍ത്തനത്തിന്റെ അനന്തരഫലം മറ്റൊരു ചീത്തയല്ലാതെ എന്താണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്ന കാവ്യനീതി ഏതെങ്കിലും മുജാഹിദുകാരന്‍ മനസ്സിലാക്കട്ടെ എന്ന് ഒരു ജമാഅത്തുകാരന്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാനാവില്ല.

ഫെയ്സ് ബുക്കില്‍ ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ട് ഞാന്‍ നല്‍കിയ കമന്റുകള്‍ ഇവിടെ പേസ്റ്റ് ചെയ്യുന്നു.

  • CK Latheef അനസ് മൌലവിയിലും ഇതര മുജാഹിദ് നേതാക്കളിലും ഞാന്‍ കണ്ട ഏറ്റവും ഗുരുതരമായ തെറ്റ്, ഏതെങ്കിലും ജമാഅത്ത് സാഹിത്യം തെറ്റിദ്ധരിപ്പിക്കാവുന്നവിധം ഉദ്ധരിച്ചുവെന്നോ സംവാദത്തില്‍ ജയിക്കാന്‍ ചില തന്ത്രങ്ങള്‍ പയറ്റി എന്നതോ അല്ല. ഈ കാലഘടത്തിലെ മഹാനും ഇസ്ലാമിക പണ്ഡിതനും ചിന്തകനും ലക്ഷക്കണക്കിന് മുസ്ലിം ആദരിക്കുന്ന ഒരു ലോകവ്യക്തിത്വത്തെ യാതൊരു തത്വദീക്ഷയും തെളിവുമില്ലാതെ പരിഹസിക്കുകയും കളവ് കെട്ടിച്ചമച്ച് അധിക്ഷേപിക്കുകയും ചെയ്തുവെന്നതും, ഒരിക്കലും അദ്ദേഹത്തോട് ചേര്‍ത്ത് പറയാന്‍ കഴിയാത്ത ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും മുദ്ര അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തുവെന്നതുമാണ്.

  •  മറ്റൊരു തെറ്റ് ഇന്ത്യയിലെ ഏറ്റവും സുഭദ്രവും സുസംഘടിതവുമായ സമഗ്ര ഇസ്ലാമിക പ്രസ്ഥാനത്തെ മനസ്സിലാക്കി ഇസ്ലാമിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ല എന്നത് പോകട്ടേ. അതിനെ പരമാവധി തേജോവധം ചെയ്യാന്‍ മുജാഹിദ് പണ്ഡിതന്‍മാര്‍ ശ്രമിച്ചുപോരുന്നുവെന്നതും.

  • മുജാഹിദ് സംഘടന ഇപ്പോള്‍ ചെന്നത്തിയ ദുരന്തം അവരുടെ തന്നെ തെറ്റായ ചെയ്തിയുടെ ഫലമാണ്. അല്ലാതെ മുജാഹിദു പണ്ഡിതന്‍മാര്‍ സത്യം കണിഷമായി പിന്തുടരാന്‍ ഇയ്യടുത്ത് ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായതല്ല.

     ആ ചെയ്തിയെ തന്നെയാണ് ജമാല്‍ ഇവിടെ ന്യായീകരിക്കുന്നത് എന്നത് വരികളില്‍ തെളിഞ്ഞ് കാണാനാവും.

    ജമാഅത്തെ ഇസ്ലാമിയെ ഇന്നും ഉരുക്കുപോലെ നിലനില്‍ത്തുന്ന ഏതൊരു ഇസ്ലാമിക സ്വഭാവമുണ്ടോ അതിനെ തന്നെയാണ് ജമാല്‍ ഇവിടെയും കുറ്റപ്പെടുത്തുന്നത്.

    ഇക്കാര്യത്തില്‍ ജമാലിനോട് ഏതെങ്കിലും ജമാഅത്തുകാരന്‍ സംവാദം നടത്തി മനസ്സിലാക്കികൊടുക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം. കാരണം ഇതിലെ നന്മതിന്‍മകള്‍ അന്തരഫലത്താല്‍ പ്രകടമായിരിക്കുന്നു.

  • CK Latheef ഏതൊരു കുതന്ത്രവും അന്യായമായ ശത്രുതയുമാണോ അവര്‍ ജമാഅത്തിനെതിരെ പുറത്തെടുത്തത്, അതുതന്നെ ഇപ്പോള്‍ അവരുടെ സംഘടനയുടെയും അന്തകനായി മാറിയിരിക്കുന്നു. അതേ തിന്മയുടെ എല്ലാ രൌദ്രഭാവവും അവര്‍ തന്നെ ജമാഅത്ത് അനുഭവിച്ചതിനേക്കാള്‍ ആയിരം മടങ്ങ് ശക്തിയോട് അനുഭവിക്കുന്നു.

ഇപ്രകാരം പറയുന്നത് ഏതെങ്കിലും മുജാഹിദു സുഹൃത്തുക്കളെ ചൊടിപ്പിക്കാനല്ല. നിങ്ങളുടെ തെറ്റുകളെ തിരിച്ചറിയുന്നതിന് വേണ്ടിയാണ്. ഇതിനെ മുജാഹിദ് സംഘടന തകര്‍ച്ചയുടെ ആഘോഷമായോ പരിഹാസമായോ മനസ്സിലാക്കരുത്. അല്ലാഹു സത്യം സത്യമായി മനസ്സിലാക്കാന്‍ തൌഫീഖ് നല്‍കുമറാകട്ടേ ...

ചൊവ്വാഴ്ച, ഒക്‌ടോബർ 02, 2012

ജിന്ന് ; പണ്ഡിതന്‍മാര്‍ ഭാവനയുടെ ചിറകില്‍ !!.

ഈ ബ്ലോഗില്‍ തുടര്‍ന്ന് വരുന്ന ചര്‍ചയുടെ ഭാഗമെന്നോണം ഈ ലക്കം പ്രബോധനത്തില്‍ വന്ന ലേഖനം ഇവിടെ അതേ പോലെ എടുത്ത് ചേര്‍ക്കുന്നു.
ധാരാളമാളുകള്‍ , പുറമെക്ക് സത്ത കാണാന്‍ കഴിയാത്ത ഒരിനം സൃഷ്ടിയെ സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ദൃശ്യമല്ലെങ്കിലും അവയെ അടയാളങ്ങളും പ്രവര്‍ത്തനങ്ങളും വഴി തിരിച്ചറിയാനാവുമെന്നും മനുഷ്യരുടെ ജീവിതത്തിന്റെ നാനാ മേഖലകളില്‍ അവക്കിടപെടാനാവുമെന്നും മനുഷ്യരൂപം സ്വീകരിക്കാനും അദൃശ്യ വിവരങ്ങള്‍ ലഭ്യമാക്കാനും മനുഷ്യരെ പോലെ സംസാരിക്കാനും ചലിക്കാനും കഴിയുമെന്നും വിശ്വസിക്കപ്പെടുന്നു. മനുഷ്യര്‍ ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കാനും അവരിലൂടെ നമ്മുടെ ആവശ്യങ്ങള്‍ നിവൃത്തിക്കാനും സഹായകമായ പ്രാര്‍ഥനകളും മന്ത്രങ്ങളും ഉണ്ടത്രെ. ഇത്തരം സൃഷ്ടികള്‍ 'ജിന്ന്' എന്ന പേരില്‍ അറിയപ്പെടുന്നു.
അതേസമയം, ലോകത്ത് മനുഷ്യരല്ലാതെ ചിന്തിക്കുകയോ സംസാരിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന മറ്റൊരു സൃഷ്ടിയുമില്ലെന്നാണ് ചിലരുടെ വാദം. ഈ രണ്ട് വീക്ഷണങ്ങളും ആത്മീയ-ഭൗതിക വിഷയകമായി പൗരാണിക കാലം മുതലേ നിലവിലുള്ളതാണ്.
വേദഗ്രന്ഥങ്ങള്‍
ജിന്നിനെയും ഭൗതികാതീത സൃഷ്ടികളെയും സംബന്ധിച്ച് വേദഗ്രന്ഥങ്ങള്‍ മധ്യമ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അത്തരമൊരു വര്‍ഗത്തിന്റെ അസ്തിത്വത്തെയും അവയുടെ സത്താ സവിശേഷതകളെയും അംഗീകരിക്കുന്ന വേദഗ്രന്ഥങ്ങള്‍ പക്ഷേ, മനുഷ്യര്‍ അവര്‍ക്ക് ചാര്‍ത്തി കൊടുത്ത അതിശയോക്തിപരായ വര്‍ണനകള്‍ നിരാകരിക്കുന്നു.
ലോകത്ത് അരൂപികളും യാഥാര്‍ഥ്യം അജ്ഞാതവുമായ മനുഷ്യേതര സൃഷ്ടികളുണ്ടെന്ന് വേദഗ്രന്ഥങ്ങള്‍ അവിതര്‍ക്കിതമായിത്തന്നെ പറഞ്ഞിട്ടുണ്ട്. ഇത്തരം സൃഷ്ടികളെ പ്രത്യേക ശീര്‍ഷകങ്ങളില്‍ വര്‍ഗീകരിച്ചതും കാണാം. ഇവയിലൊന്നാണ് മലക്കുകള്‍. ഇസ്‌ലാമികാദര്‍ശത്തിന്റെ അഭിവാജ്യ ഘടകമാണ് മലക്കുകളിലുള്ള വിശ്വാസം. മലക്കുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച വേദഗ്രന്ഥങ്ങള്‍ അവര്‍ ദൈവാനുസരണത്തില്‍ വ്യാപൃതരാണെന്ന് പ്രഖ്യാപിക്കുന്നു. ''അല്ലാഹു അവരോട് എന്താണോ കല്‍പിച്ചത് അതവര്‍ ധിക്കരിക്കുന്നില്ല. തങ്ങള്‍ അനുശാസിക്കപ്പെടുന്നതെന്തോ അതവര്‍ പ്രവര്‍ത്തിക്കുന്നു'' (അത്തഹ്‌രീം 6).
മനുഷ്യരോടു ചേര്‍ത്തുപറഞ്ഞ മറ്റൊരു സൃഷ്ടിയാണ് ജിന്ന്. മനുഷ്യരെയും ജിന്നുകളെയും ഒന്നിച്ചു പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ 'അസ്സഖലൈന്‍' എന്നാണ് പ്രയോഗിക്കുന്നത്. ഉത്തരവാദിത്വം, രക്ഷാശിക്ഷകള്‍, പരിണാമം എന്നിവയിലെല്ലാം മനുഷ്യരുടെയും ജിന്നിന്റെയും ഭാഗഭാഗിത്വം സംബന്ധിച്ച് ഖുര്‍ആന്‍ പറയുന്നു: ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, എന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരികയും ഈ ദിവസത്തെ- ഉയിര്‍ത്തെഴുന്നേല്‍പ് ദിനം- അഭിമുഖീകരിക്കേണ്ടിവരുമെന്ന് നിങ്ങള്‍ക്ക് താക്കീത് നല്‍കുകയും ചെയ്തുകൊണ്ട് നിങ്ങളില്‍ നിന്നു തന്നെയുള്ള ദൂതന്മാര്‍ നിങ്ങളുടെ അടുക്കല്‍ വരികയുണ്ടായില്ലേ?'' (അല്‍അന്‍ആം 130). ''ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്നു പുറത്തു കടന്നുപോകാന്‍ നിങ്ങള്‍ക്ക് സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയ്‌കൊള്ളുക. ഒരധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ക്ക് കടന്നുപോകാനാവുകയില്ല'' (അര്‍റഹ്മാന്‍ 33).
''ഹേ, ഭാരിച്ച രണ്ട് സമൂഹങ്ങളേ, (ജിന്നുകള്‍, മനുഷ്യര്‍) നിങ്ങളുടെ കാര്യത്തിനായി നാം 'ഒഴിഞ്ഞിരിക്കുന്ന'താണ്'' (അര്‍റഹ്മാന്‍ 31). ''അവരെയെല്ലാം അവന്‍ (അല്ലാഹു) ഒരുമിച്ചുകൂട്ടുന്ന ദിവസം (ജിന്നുകളോട് അവന്‍ പറയും): ജിന്നുകളുടെ സമൂഹമേ, മനുഷ്യരില്‍നിന്ന് ധാരാളം പേരെ നിങ്ങള്‍ പിഴപ്പിച്ചിട്ടുണ്ട്. മനുഷ്യരില്‍നിന്നുള്ള അവരുടെ ഉറ്റ മിത്രങ്ങള്‍ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളില്‍ ചിലര്‍ മറ്റു ചിലരെ കൊണ്ട് സുഖമനുഭവിക്കുകയുണ്ടായി. നീ ഞങ്ങള്‍ക്ക് നിശ്ചയിച്ച അവധിയില്‍ ഞങ്ങളിതാ എത്തിയിരിക്കുന്നു. അവന്‍ പറയും: നരകമാണ് നിങ്ങളുടെ പാര്‍പ്പിടം. അല്ലാഹു ഉദ്ദേശിച്ച സമയം ഒഴികെ നിങ്ങള്‍ അതില്‍ ശാശ്വതവാസികളായിരിക്കും. തീര്‍ച്ചയായും നിന്റെ രക്ഷിതാവ് യുക്തിമാനും സര്‍വജ്ഞനുമാകുന്നു'' (അല്‍അന്‍ആം 128).
ജിന്നുകളുടെ അസ്തിത്വവും സാന്നിധ്യവും ഖുര്‍ആന്‍ ഉള്‍പ്പെടെയുള്ള വേദഗ്രന്ഥങ്ങള്‍ അംഗീകരിച്ചിരിക്കെ അത് നിഷേധിക്കുന്നത് അല്ലാഹുവിന്റെ പ്രഖ്യാപനത്തെ നിഷേധിക്കലും തള്ളിക്കളയലുമാണ്. ജിന്നുകളുണ്ടെന്ന് വിശ്വസിക്കാത്തയാള്‍ ഖുര്‍ആന്റെ നിഷേധിയാവും. ജിന്ന് വിഷയകമായ ഖുര്‍ആനിക പരമാര്‍ശങ്ങളെ നിഷേധിക്കുന്നത് വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കലാണ്. പദങ്ങളില്‍ നിക്ഷിപ്തമായ ആശയങ്ങളെ അവയില്‍നിന്ന് ഉരിഞ്ഞുകളയലാവും. 'മനുഷ്യന്‍, ജിന്ന്' എന്ന ദ്വന്ദങ്ങളെ അടര്‍ത്തിമാറ്റലാവും. പഞ്ചേന്ദ്രിയാനുഭവങ്ങള്‍ക്കതീതമായ എല്ലാറ്റിനെയും തള്ളിപ്പറയലാവും.
ആയതിനാല്‍, ജിന്നുകളുടെ അസ്തിത്വം സംബന്ധിച്ച് സംശയത്തിനടിസ്ഥാനമില്ല. അവരുടെ ഉത്തരവാദിത്വം, ശിക്ഷ, ഖുര്‍ആന്‍ ശ്രവണം, ഗ്രഹണം മുതലായവയെ സംബന്ധിച്ചും സന്ദേഹത്തിന് സ്ഥാനമില്ല. ഇവയെല്ലാം അവിതര്‍ക്കിതമായ ഖുര്‍ആനിക സത്യമത്രെ.
ഖുര്‍ആന്റെ ദൃഷ്ടിയില്‍ ജിന്നുകളും മനുഷ്യരും തമ്മിലെ ബന്ധം
ജിന്നുകളുടെ അസ്തിത്വം സ്ഥാപിക്കുന്ന ഖുര്‍ആന്‍ അവരും മനുഷ്യരും തമ്മിലെ ബന്ധം കൃത്യമായി നിര്‍ണയിച്ചിട്ടുണ്ട്. മനുഷ്യര്‍ മനുഷ്യരെയെന്ന പോലെ, ജിന്നുകള്‍ക്ക് മനുഷ്യരെ ദുര്‍ബോധനം ചെയ്യാനും കാര്യങ്ങള്‍ അലങ്കാരചമല്‍ക്കാരങ്ങളോടെ അവതരിപ്പിക്കാനും കഴിയും. ഇതിനപ്പുറം മനുഷ്യരെ സ്വാധീനിക്കാന്‍ ജിന്നുകള്‍ക്ക് കഴിയുമെന്ന് ഖുര്‍ആന്‍ പറയുന്നില്ല. 'മനുഷ്യരുടെ ഹൃദയങ്ങളില്‍ ദുര്‍ബോധനം നടത്തി പിന്മാറിക്കളയുന്ന, മനുഷ്യരിലും ജിന്നുകളിലും പെട്ട ദുര്‍ബോധകരെക്കൊണ്ടുള്ള കെടുതിയില്‍നിന്ന് (ഞാന്‍ ശരണം തേടുന്നു)' (അന്നാസ് 4-6). ഖുര്‍ആന്റെ ഖണ്ഡിത നിലപാടനുസരിച്ച് ജിന്നു വര്‍ഗത്തില്‍ പെട്ട പിശാച് പറയുന്നതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: കാര്യം തീരുമാനിക്കപ്പെട്ടു കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്: തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍, നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങള്‍ എനിക്ക് ഉത്തരം നല്‍കി എന്നു മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്'' (ഇബ്‌റാഹീം 22). മനുഷ്യരെ ക്ഷണിക്കുക, വാഗ്ദാനം ചെയ്യുക, മനസ്സില്‍ ദുര്‍ബോധനം നടത്തുക, പ്രലോഭിപ്പിക്കുക, കാര്യങ്ങള്‍ ഭംഗിയാക്കി അവതരിപ്പിക്കുക മുതലായവ മാത്രമാണ് ജിന്നു വര്‍ഗത്തിലെ പിശാചിന്റെ കഴിവില്‍ പെടുന്നത്. ''അവര്‍ രണ്ടു പേര്‍ക്കും- ആദമിനും ഹവ്വാക്കും- അവന്‍ (പിശാച്) ദുര്‍മന്ത്രണം ചെയ്തു'' (അഅ്‌റാഫ് 20). ''അവന്‍ (പിശാച്) പറഞ്ഞു: എന്റെ നാഥാ! നീ എന്നെ പിഴപ്പിച്ചതിനാല്‍ ഞാന്‍ അവര്‍ക്ക് തീര്‍ച്ചയായും ഭൂമിയില്‍ സുന്ദരമാക്കിക്കാണിക്കുകയും അവരെ ഒന്നടങ്കം പിഴപ്പിക്കുകയും ചെയ്യും'' (ഹിജ്ര്‍ 39).
അപ്രകാരം, ജിന്നുകളുടെ ദുര്‍മന്ത്രണങ്ങള്‍ക്കും മാര്‍ഗഭ്രംശത്തിനും വശംവദരാവുക ദുര്‍ബല ബുദ്ധികളും അല്‍പ വിശ്വാസികളുമായിരിക്കുമെന്നും ഖുര്‍ആന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബുദ്ധിപരമായും വിശ്വാസപരമായും കരുത്തുള്ളവര്‍ പൈശാചിക പ്രേരണകളില്‍നിന്ന് ദൂരെയായിരിക്കും. നിഷ്‌കളങ്കരായ ദൈവദാസന്മാരെ പിശാചിന്റെ പ്രലോഭനവൃത്തത്തില്‍ നിന്ന് അല്ലാഹു മാറ്റിനിര്‍ത്തിയിരിക്കുന്നു. ''തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് സ്വാധീനമില്ല, നിന്നെ പിന്‍പറ്റിയ മാര്‍ഗഭ്രഷ്ടരല്ലാതെ'' (ഹിജ്ര്‍ 42).
ജിന്നു ബന്ധം: ജനങ്ങളുടെ തെറ്റിദ്ധാരണകള്‍
ഇത്രയും പറഞ്ഞത് ദുര്‍ബോധനം, മാര്‍ഗഭ്രംശം എന്നിവയെ സംബന്ധിച്ചാണ്. ഇതിനപ്പുറം ജിന്നുകള്‍ അവരുടെ തനി സ്വരൂപത്തിലോ മറ്റു രൂപത്തിലോ മനുഷ്യരുടെ മുമ്പാകെ പ്രത്യക്ഷപ്പെടുക, ജിന്നുകള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുക, മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങളിന്മേല്‍ മേധാവിത്വം നേടുക, നന്മകള്‍ നേടാനും തിന്മകളെ പ്രതിരോധിക്കാനുമായി അവരെ ഉപയോഗപ്പെടുത്തുക, ഉദ്ദേശിക്കുമ്പോഴെല്ലാം അവരെ ഹാജരാക്കുക, അവര്‍ മുഖേന അദൃശ്യ വിവരങ്ങള്‍ മനസ്സിലാക്കുക, അവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുക മുതലായ പലതും സാധ്യമാണെന്ന് ചിലര്‍ ധരിച്ചുവശായിരിക്കുന്നു. ഇതെല്ലാം ഖണ്ഡിതമായ ദീനീ പ്രമാണങ്ങള്‍ക്ക് പുറത്തുള്ള സ്രോതസ്സില്‍നിന്ന് വന്നതാണ്. എല്ലാ കാലത്തുമുള്ള ജനവിഭാഗങ്ങളില്‍ ജിന്നുകളുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള വര്‍ത്തമാനങ്ങളും അവരിലേക്ക് ചേര്‍ത്ത് പറയപ്പെടുന്ന കഥകളും വിശ്വസിക്കുന്നവരുണ്ടാകും. മനുഷ്യരുടെ മുമ്പാകെ ജിന്നുകള്‍ തനിസ്വരൂപത്തിലും അല്ലാതെയും പ്രത്യക്ഷപ്പെടുമെന്നും മനുഷ്യരുമായി അവര്‍ സംസാരിക്കുമെന്നും മനുഷ്യ ശരീരത്തില്‍ ആവേശിക്കുമെന്നും മറ്റും വിശ്വസിക്കപ്പെടുന്നു. ആദ്യകാല ഇസ്‌ലാമിക തലമുറകളില്‍നിന്ന് ഉദ്ധൃതമായതെന്ന തരത്തില്‍ പ്രചാരത്തിലായ ചില കാര്യങ്ങള്‍ കുറേ പേര്‍ വിശ്വസിച്ചുവശായിരിക്കുന്നു. പണ്ഡിതന്മാര്‍ അവ സാധുവാണെന്ന് അനുമാനിക്കുന്നു. ഈ സങ്കല്‍പത്തെ അടിസ്ഥാനപ്പെടുത്തി മതവിധികള്‍ ആവിഷ്‌കൃതമാവുക വരെ ചെയ്തിട്ടുണ്ട്.
ജിന്നുകളുമായി മനുഷ്യരുടെ വിവാഹം സാധ്യവും സാധുവുമാണെന്ന് വാദിച്ച ചില പണ്ഡിതന്മാര്‍, ജിന്നുമായി ലൈംഗിക വേഴ്ചയിലേര്‍പ്പെട്ട മനുഷ്യസ്ത്രീ നിര്‍ബന്ധമായും കുളിക്കണമെന്ന് വിധിച്ചിട്ടുണ്ട്. ജിന്നുകള്‍ക്കൊപ്പം സംഘടിത നമസ്‌കാരം, നമസ്‌കരിക്കുന്ന മനുഷ്യര്‍ക്ക് മുന്നിലൂടെ ജിന്നുകളുടെ നടത്തം, മനുഷ്യരില്‍ നിന്ന് ജിന്നുകളും ജിന്നുകളില്‍നിന്ന് മനുഷ്യരും നിവേദനം ചെയ്യുക, ജിന്നുകളുടെ ഭക്ഷണമായ എല്ല് ഉപയോഗിച്ചുള്ള ശൗച്യം, ജിന്നുകള്‍ അറുത്തത് ഭക്ഷിക്കല്‍ മുതലായ ഒട്ടേറെ വിഷയങ്ങള്‍ ഫിഖ്ഹ് ഗ്രന്ഥങ്ങളിലും ജിന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രത്യേകം ക്രോഡീകരിച്ച ഗ്രന്ഥങ്ങളിലും ചര്‍ച്ച ചെയ്തതായി കാണാം.
ഞാന്‍ മനസ്സിലാക്കുന്നത്, മേല്‍ പണ്ഡിതന്മാര്‍ സംഭവിക്കാനിടയില്ലാത്തതോ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതോ ആയ കാര്യങ്ങള്‍ സങ്കല്‍പിച്ചുകൊണ്ട് കര്‍മശാസ്ത്രാഭ്യാസം നടത്തുക മാത്രമായിരുന്നു എന്നാണ്. അതുകൊണ്ടുതന്നെ ഫിഖ്ഹീ അഭ്യാസം എന്ന നിലയില്‍ പണ്ഡിതന്മാര്‍ ആവിഷ്‌കരിച്ച സങ്കല്‍പ വിഷയങ്ങള്‍ നമ്മെ സംബന്ധിച്ചേടത്തോളം തീര്‍ച്ചയുള്ള സത്യങ്ങള്‍ എന്ന നിലയില്‍ പരിഗണനീയമേ അല്ല. പണ്ഡിതന്മാര്‍ അവരുടെ രീതിയനുസരിച്ച് സങ്കല്‍പിക്കട്ടെ. നമുക്ക് ഖുര്‍ആനിലേക്ക് മടങ്ങാം.
ഖുര്‍ആന്‍ പറയുന്നത്
അല്ലാഹു മനുഷ്യന് ചെയ്ത അനുഗ്രഹങ്ങളിലൊന്നായാണ് ഇണകള്‍ എന്ന ഖുര്‍ആന്‍ പറയുന്നു. മനുഷ്യര്‍ക്ക് അവരുടെ വര്‍ഗത്തില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചു നല്‍കി, അവര്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി എന്നതെല്ലാം ഖുര്‍ആന്‍ പ്രത്യേകം പരാമര്‍ശിച്ചിരിക്കുന്നു. ''അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്നുതന്നെ ഇണകളെ ഉണ്ടാക്കുകയും നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു....'' (അന്നഹ്ല്‍ 72). ''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ'' (അര്‍റൂം 21). മനുഷ്യര്‍ ജിന്നുകളെ വിവാഹം ചെയ്യുക എന്ന വാദം തന്നെ മഹാ അബദ്ധമാണെന്ന് മേല്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരുണത്തില്‍ അത്തരം വിവാഹം സാധുവാകുമോ ഇല്ലയോ എന്ന ചര്‍ച്ച തന്നെ അപ്രസക്തമാണ്.
മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിനു മുമ്പ്, ജിന്നുകള്‍ക്ക് തങ്ങളുടെ മേല്‍ സ്വാധീനമുണ്ടെന്ന് വിശ്വസിച്ച് അവരുടെ സ്വാധീനത്തില്‍നിന്ന് തങ്ങളെ രക്ഷിക്കാനായി ജിന്നുകളെ സ്വാധീനിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ട മനുഷ്യരോട് ചിലയാളുകള്‍ ശരണം തേടിയിരുന്നതായി ഖുര്‍ആന്‍ വിശദീകരിക്കുന്നുണ്ട്. ജിന്നുകള്‍ക്ക് അദൃശ്യ കാര്യങ്ങളറിയാം, അല്ലാഹുവിന്റെ വിധിപരമായ കാര്യങ്ങള്‍ അറിയാന്‍ കഴിയും, അവരെ സ്വാധീനിക്കാന്‍ ചില മനുഷ്യര്‍ക്ക് കഴിയും മുതലായവ തെറ്റായ വിശ്വാസങ്ങളാണെന്നും അദൃശ്യം അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂവെന്നും ജിന്നുകള്‍ തന്നെ പ്രസ്താവിക്കുന്നതായി ഖുര്‍ആന്‍ ഉദ്ധരിച്ചിട്ടുണ്ട്. ''ഭൂമിയിലുള്ളവരുടെ കാര്യത്തില്‍ തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്, അതല്ല അവരുടെ രക്ഷിതാവ് അവരെ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ എന്ന് ഞങ്ങള്‍ക്കറിഞ്ഞു കൂടാ'' (ജിന്ന് 10).
''അവന്‍ (അല്ലാഹു) അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല, അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ...'' (ജിന്ന് 26,27). ''അങ്ങനെ അദ്ദേഹം (സുലൈമാന്‍ നബി) വീണപ്പോള്‍, തങ്ങള്‍ക്ക് അദൃശ്യകാര്യം അറിയാമായിരുന്നുവെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നുവെന്ന് ജിന്നുകള്‍ക്ക് ബോധ്യമായി'' (സബഅ് 14). മേല്‍ രണ്ട് സൂക്തങ്ങളും ജിന്നുകള്‍ ഉള്‍പ്പെടെ അല്ലാഹു അല്ലാത്തവര്‍ക്ക് അദൃശ്യമറിയുകയില്ലെന്ന് വ്യക്തമാക്കുന്നു. ജിന്ന്: 10, സബഅ് 14 സൂക്തങ്ങള്‍ തങ്ങള്‍ക്ക് അദൃശ്യം അറിയില്ലെന്ന് ജിന്നുകള്‍ തന്നെ ഖണ്ഡിതമായി പറയുന്നവയാണ്. ഈ സാഹചര്യത്തില്‍ ജിന്നുകള്‍ക്ക് അദൃശ്യം അറിയില്ലെന്നും നേരിട്ടോ അല്ലാതെയോ അവര്‍ക്ക് മനുഷ്യരെ ഉപദ്രവിക്കാന്‍ കഴിയുകയില്ലെന്നും ഖുര്‍ആനില്‍നിന്ന് നമുക്ക് ബോധ്യമാവും.
ഊഹങ്ങള്‍ , ആശയക്കുഴപ്പങ്ങള്‍
ഖുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതാണെങ്കിലും എല്ലാ കാലത്തും ജിന്നുകളെ സംബന്ധിച്ച് മനുഷ്യര്‍ക്കിടയില്‍ പല ഊഹങ്ങളും നിലനിന്നു പോന്നിട്ടുണ്ട്. മാരണവിദ്യക്കാര്‍ ജനമനസ്സുകളില്‍ അവ നട്ടുപിടിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മന്ദബുദ്ധികളും അല്‍പവിശ്വാസികളും അവരുടെ കെണിയില്‍ വീണുപോയിട്ടുണ്ട്. ജിന്നുകള്‍ക്ക് മനുഷ്യാകാരം സ്വീകരിക്കാന്‍ കഴിയും, അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയും... ഇങ്ങനെ പോകുന്നു വിശ്വാസങ്ങള്‍. സ്‌നേഹം, ദ്വേഷം, വിവാഹം, വിവാഹമോചനം, നന്മ നേടുക, തിന്മ തടുക്കുക മുതലായവയിലെല്ലാം ജിന്നുകളെ സ്വാധീനിച്ച് കാര്യം നേടാം എന്ന അന്ധവിശ്വാസം ഇപ്പോഴും ബലവത്തായി തുടരുന്നു. നഷ്ടപ്പെട്ടുപോയ വസ്തുക്കള്‍ തിരിച്ചു കിട്ടാനും മറഞ്ഞ കാര്യങ്ങള്‍ അറിയാനും ചികിത്സാവശ്യാര്‍ഥവുമെല്ലാം ജിന്നു സേവയിലൂന്നിയ ആചാരങ്ങളും അനുഷ്ഠാനങ്ങളും വികസിപ്പിച്ചെടുത്ത് ഉപജീവന മാര്‍ഗം തേടുകയാണ് അതിന്റെ വക്താക്കള്‍. ചില പണ്ഡിതന്മാര്‍ ഇത്തരം ആളുകളെ വ്യാജകഥകള്‍ ചമച്ചു കൊടുത്ത് വഞ്ചിക്കുകയാണ്. അറിവിലും കര്‍മത്തിലും ശ്രദ്ധിക്കേണ്ട പ്രകൃതിപരമായ ചര്യകളില്‍നിന്ന് ആളുകളെ വഴിതെറ്റിക്കുകയാണ്.
എല്ലാവരും തങ്ങളുടെ ദീനിനും ദുന്‍യാവിനും ഉപകാരപ്രദമായ കാര്യങ്ങളില്‍ ശ്രദ്ധയൂന്നുകയാണ് വേണ്ടത്. അന്ധവിശ്വാസങ്ങള്‍ ഹൃദയങ്ങളിലേക്ക് കടന്നുവരാന്‍ അനുവദിക്കരുത്. അന്ധവിശ്വാസികളോട് പൊരുതുക, അവരെ ആട്ടിയോടിക്കുക, സമൂഹം അവരില്‍നിന്ന് ശുദ്ധമാവട്ടെ. നന്മയുടെയും സൗഭാഗ്യത്തിന്റെയും കവാടങ്ങള്‍ തുറക്കാന്‍ അല്ലാഹു അനിവാര്യമായി പ്രഖ്യാപിച്ച അറിവുകള്‍ ജനങ്ങള്‍ സ്വായത്തമാക്കട്ടെ.
(ദാറുശ്ശുറൂഖ് പ്രസിദ്ധീകരിച്ച അല്‍ഫതാവാ എന്ന കൃതിയില്‍നിന്ന്)

ബന്ധപ്പെട്ട വിഷയങ്ങള്‍ :

ജിന്നും പിശാചും എന്താണ് ?
ജിന്ന് മനുഷ്യശരീരത്തിലോ?
ജിന്നുകള്‍ വേഷം മാറുമോ ?
ജിന്നുബാധിച്ച സംഘടനകള്‍

 
Design by CKLatheef | Bloggerized by CKLatheef | CK